/uploads/news/2330-IMG-20211008-WA0012.jpg
Local

ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്കുള്ള സ്വയംതൊഴില്‍ പരീശീലന പദ്ധതിക്ക് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇന്ന് തുടക്കം


കഴക്കൂട്ടം: മാജിക് അക്കാദമിയും നബാർഡും സംയുക്തമായി ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്ന മോം പദ്ധതി ഇന്ന് (08.10.2021) വൈകുന്നേരം 3ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നബാർഡ് സി.ജി.എം പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ മുഖ്യാതിഥിയാകും. പരിശീലനങ്ങളുടെ അനുമതി പത്രം സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് കൈമാറും. ഡിഫറന്റ് ആർട്ട് സെന്ററിലെ നൂറോളം വരുന്ന ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്കാണ് സ്വയം തൊഴിൽ പരിശീലനം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ മെഴുകു രൂപങ്ങളുടെ നിർമാണം, കുട നിർമാണം, എംബ്രോയിഡറി, ജൂട്ട് ബാഗ് നിർമാണം എന്നിവയ്ക്കാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടി മൂന്ന് മാസത്തോളം നീളും. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനോടൊപ്പം അവർ നിർമിക്കുന്ന വസ്തുക്കൾക്ക് വിപണി കണ്ടെത്തി സ്വന്തമായി വരുമാനം ഉണ്ടാക്കുവാനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഡിഫറന്റ് ആർട്ട് സെന്ററിൽ നിലവിൽ അമ്മമാരുടെ നേതൃത്വത്തിൽ കരിസ്മ എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. അമ്മമാരുടെ കൂട്ടായ്മയിലൂടെ നിർമിക്കുന്ന വസ്തുക്കളുടെ വില്പ്പനയും കരിസ്മ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്കുള്ള സ്വയംതൊഴില്‍ പരീശീലന പദ്ധതിക്ക് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇന്ന് തുടക്കം

0 Comments

Leave a comment