/uploads/news/news_കഴക്കൂട്ടത്ത്_ഇനി_മാലിന്യം_വലിച്ചെറിയുന്..._1647776278_8054.jpg
Local

കഴക്കൂട്ടത്ത് ഇനി മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക; പിടിയും വീഴും, പിഴയും കിട്ടും


കഴക്കൂട്ടം: കഴക്കൂട്ടത്ത് ഇനി മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക. പിടിയും വീഴും, ഒപ്പം പിഴയും നേടാം. കഴക്കൂട്ടം ഹെൽത്ത് ഇൻസ്പെക്ടർ ബേബി.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ.സി.വി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംഘവുമാണ് ഇത്തരക്കാരെ പിടികൂടാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

ഇതിനോടകം തന്നെ കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിച്ച നിരവധി പേരെ കണ്ടെത്തി നടപടി എടുത്തു പിഴ ഈടാക്കിക്കഴിഞ്ഞു. പ്രദേശത്ത് തള്ളിയിരുന്ന മാലിന്യക്കൂമ്പാരത്തിൽ തിരഞ്ഞ് കൊറിയർ വരുന്ന പ്ലാസ്റ്റിക് കവറിൽ നിന്നും മറ്റുമടക്കം മേൽവിലാസങ്ങൾ കണ്ടുപിടിച്ചാണ് ഇവരെ പിടികൂടിയത്. ഇങ്ങനെ പിടികൂടിയവരിൽ നിന്നും 2 ലക്ഷം രൂപയോളം പിഴ ഈടാക്കിയിട്ടുണ്ട്. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികളിൽ നിന്നും വീടുകളിൽ നിന്നുമടക്കം മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തിയാണ് പിഴ ഈടാക്കിയത്

കൂടാതെ കഴക്കൂട്ടം മത്സ്യ മാർക്കറ്റിനു സമീപമുള്ള വനിത ഐ.ടി.ഐയുടെ മുമ്പിലുള്ള പുരയിടത്തിലെ ചപ്പുചവറുകൾ നീക്കംചെയ്തു. കഴക്കൂട്ടം ഹെൽത്ത് ഇൻസ്പെക്ടർ ബേബി.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ.സി.വി എന്നിവരുടെ നേതൃത്വത്തിലാണ് സാമൂഹിക വിരുദ്ധർ കൊണ്ട് തള്ളി കുന്നായി കിടന്നിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തത്.

കൂടാതെ നിലവിൽ പ്രദേശത്തു സിസി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു. ഇനിയും ഇവിടെ മാലിന്യം വലിച്ചെറിയുന്നവരെ സി.സി ക്യാമറയും പിടികൂടും. വാഹനങ്ങളിൽ മാലിന്യങ്ങൾ കൊണ്ടു വന്നു റോഡുവക്കിൽ തള്ളുന്നതും ഗതാഗതമുള്ള റോഡിൽ ഉപേക്ഷിച്ചിട്ട് പോകുന്നതും പതിവാണ്. രാത്രി സമയങ്ങളിൽ ആൾ താമസമുള്ള വീടുകളുടെ മതിലിനകത്ത് പോലും ഭക്ഷ്യവസ്തുക്കളുടെ മാലിന്യം എറിഞ്ഞിട്ടു പോകുന്ന വിരുതന്മാരും കുറവല്ല.

ഹരിതകർമ്മ സേന മാസം തോറും വീടുകളിലെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുന്ന സ്ഥിതി ഉള്ളപ്പോഴാണ് സാമൂഹിക വിരുദ്ധരായ സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവർ പോലും ഇത്തരം നീച പ്രവർത്തികളും വച്ചു പുലർത്തുന്നതെന്നത് നിരാശാജനകമാണ്.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികളിൽ നിന്നും വീടുകളിൽ നിന്നുമടക്കം മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തിയാണ് പിഴ ഈടാക്കിയത്

0 Comments

Leave a comment