/uploads/news/572-IMG_20190527_174534.jpg
Local

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നൽകിയ ഫ്ളാറ്റുകൾക്ക് കരമടക്കാനുള്ള കോർപ്പറേഷൻ നടപടി പുനപ്പരിശോധിക്കണമെന്ന് ആം ആദ്മി പാർട്ടി


വലിയതുറ: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വലിയതുറ സീവേജ് ഫാമിൽ നിർമ്മിച്ചു നൽകിയ ഫ്ളാറ്റുകൾക്ക് വീട്ടു കരമടക്കണമെന്ന കോർപ്പറേഷന്റെ നിലപാട് പുനപ്പരിശോധിക്കണമെന്ന് ആം ആദ്മി പാർട്ടി സർക്കാരിനോടാവശ്യപ്പെട്ടു. വലിയതുറ ബീമാപ്പള്ളി ഈസ്റ്റ് വാർഡിൽ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് 192 ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകിയിരുന്നു. ശരാശരി 550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റുകളായാണ് ഓരോന്നും നിർമ്മിച്ചു നൽകിയിരുന്നത്. എന്നാൽ ഏതാനും ദിവസങ്ങളായി ഓരോ ഫ്ലാറ്റിലും ഫ്ളാറ്റുടമകൾക്ക് കോർപ്പറേഷന്റെ കരം അടക്കുന്നതിനായുള്ള നോട്ടീസുകൾ നൽകി വരുകയാണ്. ഏകദേശം 1000 രൂപ വീതമാണ് വാർഷിക കരമായി നോട്ടീസിൽ ആവശ്യപ്പെടുന്നത്. 660 ചതുരശ്ര അടിക്കു താഴെ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് നികുതി നൽകേണ്ടതില്ലെന്ന നിയമവും, സർക്കാറിന്റെ പ്രത്യേക പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന കെട്ടിടങ്ങൾക്കു വീട്ടുകരം അടക്കേണ്ടതില്ലെന്ന നിയമവും നിലനിൽക്കുന്നതായി അറിയാൻ കഴിഞ്ഞു എന്ന് പാർട്ടി മേയർക്ക് നൽകിയ പരാതിയിൽ പറയുന്നു. സാങ്കേതികമായി ഈ നിയമങ്ങൾ നിലനിൽക്കവേ ഫിഷറീസ് വകുപ്പ്, നടപടി ക്രമങ്ങൾ പാലിക്കാതെ റിട്ടേൺ സമർപ്പിച്ച കാരണം പറഞ്ഞ് ഫ്ലാറ്റിലെ താമസക്കാർക്ക് കോർപ്പറേഷൻ ഭീമമായ തുക സ്വയം നിർണ്ണയിച്ച് നികുതി നോട്ടീസ് നൽകിയിരിക്കുകയാണ്. ദുർബല ജനവിഭാഗത്തിൽപ്പെടുന്നവർക്കായി സർക്കാർ മുൻകൈയെടുത്ത് തയാറാക്കിയ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ ഫ്ലാറ്റിന് വീട്ടുകരം ചുമത്തിയത് ചട്ടങ്ങൾക്കു നിരക്കാത്തതാണ്. തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി.കെ.പ്രശാന്തിന് നിവേദനം നൽകി. നിവേദക സംഘത്തിൽ ആം ആദ്മി പാർട്ടി തിരുവനന്തപുരം മണ്ഡലം കൺവീനർ സുമൽരാജ് കഴക്കൂട്ടം മണ്ഡലം കൺവീനർ സബീർ അബ്ദുൽ റഷീദ്, മെൽവിൻ വിനോദ് എന്നിവർ ഉണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നൽകിയ ഫ്ളാറ്റുകൾക്ക് കരമടക്കാനുള്ള കോർപ്പറേഷൻ നടപടി പുനപ്പരിശോധിക്കണമെന്ന് ആം ആദ്മി പാർട്ടി

0 Comments

Leave a comment