https://kazhakuttom.net/images/news/news.jpg
Local

മഴയത്തും വെള്ളമില്ലാതെ കണിയാപുരം നിവാസികൾ


കണിയാപുരം: കണിയാപുരത്ത് പൈപ്പ് വെള്ളം നിലച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞു. ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയാണ് പ്രദേശ വാസികൾക്ക് പൈപ്പ് വെള്ളം എത്തിക്കുന്നത്. ഇതുവരെയും യാതൊരു പരിഹാരം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ജനസാന്ദ്രത ഏറിയ പ്രദേശമാണ് കണിയാപുരം. ഇവിടങ്ങളിൽ ഇപ്പോൾ അധികം വീടുകളിലും കിണറുകളില്ല. പൈപ്പ് ലൈനിനെ മാത്രം ആശ്രയിക്കുന്നവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. അയിലം കടവു പദ്ധതിയും തൊട്ടടുത്ത് ആനാച്ചിറ പദ്ധതിയും ഉണ്ടെങ്കിലും ഈ മഴയത്ത് കണിയാപുരത്തുകാർ നെട്ടോട്ടമോടുകയാണ്. ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാത്രമല്ല കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചാൽ കൈ കഴുകണമെങ്കിലും ബോട്ടിൽ വെള്ളം വാങ്ങേണ്ട ഗതികേടിലാണ്. കൂടാതെ കണിയാപുരം മാർക്കറ്റിലുള്ള കച്ചവടക്കാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വെള്ളമില്ലാത്തത് കാരണം മാർക്കറ്റിലെ മൽസ്യക്കച്ചവടക്കാർക്ക് വില്പന കഴിഞ്ഞാൽ ഇരിക്കുന്ന സ്ഥലം വൃത്തിയാക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള വെള്ളം പോലും കിട്ടാത്തതും ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി അധികൃതരോട് പരാതി പറഞ്ഞപ്പോൾ സി.ആർ.പി ക്യാമ്പിനടുത്തു പൈപ്പിന്റെ പണി നടക്കുകയാണ് എന്നാണ് പറഞ്ഞത്. എന്നാൽ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ ഞായറാഴ്ച എക്സിക്യൂട്ടീവ് എൻജിനീയറെ വിളിച്ചപ്പോഴും സി.ആർ.പിയിൽ റോഡ് പണിയുമായി ബന്ധപ്പെട്ടു പൈപ്പ് പൊട്ടിയതിന്റെ പണി നടക്കുകയാണ് എന്നാണ് പറഞ്ഞത്. പ്രദേശത്തെ പൈപ്പ് ലൈനിൽ വെള്ളം ഇല്ലാത്തതും സി.ആർ.പിയിൽ പൈപ്പ് പൊട്ടുന്നതും സ്ഥിരം സംഭവമാണെന്നും വെള്ളം നിലച്ചാൽ ദിവസങ്ങളോളം പുനഃസ്ഥാപിക്കാത്ത സ്ഥിതിയാണെന്നും നാട്ടുകാർ ആരോപിച്ചു. സ്കൂളിലും കോളേജുകളിലുമടക്കം പോകേണ്ട വിദ്യാർത്ഥികൾക്ക് ഇന്നു പഠിക്കാൻ പോകണമെങ്കിൽ പലർക്കും പ്രാഥമിക കർമ്മങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. സി.ആർ.പി ക്യാമ്പിനടുത്ത് പൈപ്പ് പൊട്ടുന്നത് സ്ഥിരമാണെന്നിരിക്കെ എന്നാൽ അതിന്റെ അറ്റകുറ്റപ്പണികൾ മാത്രം ചെയ്തു നിലനിർത്തുന്നതാണ് ഇപ്പോഴത്തെ രീതി എന്നും പൈപ്പ് പൂർണ്ണമായും പുതിയത് മാറ്റി വയ്ക്കുന്നതാണ് ശാശ്വത പരിഹാരമെnnum നാട്ടുകാർ ആരോപിച്ചു.

മഴയത്തും വെള്ളമില്ലാതെ കണിയാപുരം നിവാസികൾ

0 Comments

Leave a comment