തിരുവനന്തപുരം: മുസ്ലിം പേരിൽ വ്യാജ പാസ്പോർട്ടെടുത്ത് 10 വർഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. ആർ.എസ്.എസ് മുഖ്യ ശിക്ഷക് കിളിമാനൂർ പഴയകുന്നുമ്മേൽ സാഫല്യം വീട്ടിൽ രാജേഷാണ് (47) കണ്ണയംകോട് തോട്ടത്തിൽ വീട്ടിൽനിന്ന് അറസ്റ്റിലായത്. ഷെറിൻ അബ്ദുൽ സലാം എന്ന പേരിലാണ് ഇയാൾ 10 വർഷം റിയാദിലും ദുബൈയിലും ജോലി ചെയ്തിരുന്നത്.വർക്കല തച്ചൻകോണം അസീസ് മൻസിലിൽ അബ്ദുൽ സലാം -ഐഷ ബീവി ദമ്പതികളുടെ മകൻ ഷെറിൻ അബ്ദുൽ സലാം എന്നാണ് ഇയാൾ പാസ്പോർട്ടിൽ പേര് നൽകിയിരിക്കുന്നത്. 2006ൽ ഇയാൾ വ്യാജരേഖകൾ നിർമിച്ച് ആൾമാറാട്ടം നടത്തി പാസ്പോർട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2019ൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.ലുക്ക്ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും നൽകിയിരുന്നു. ഡിസംബർ 15ന് വിദേശത്തുനിന്ന് തിരുവനന്തപുരം എയർ പോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞു വെക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന്, പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസറ്റ്ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തിരുവനന്തപുരം റൂറൽ എസ് പി പി. കെ മധുവിന്റെ നിർദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ.എസ് സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, രാജേന്ദ്രൻ, ഷാജി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ റിയാസ്, സി.പി.ഒ മാരായ ഷിജു, കിരൺ, ബിന്ദു എന്നിവരടങ്ങിയ പാസ്പോർട്ട് കേസിലെ അന്വേഷണ സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.
മുസ്ലിം പേരിൽ വ്യാജ പാസ്പോർട്ട്:ആര്‍.എസ്.എസ് മുഖ്യ ശിക്ഷക് തിരുവനന്തപുരത്ത് അറസ്റ്റിൽ.





0 Comments