/uploads/news/news_ഊര്‍ജ്ജസ്വലമായ_കമ്പനികളുടെ_കൂട്ടായ്മയാണ്..._1741875786_1672.jpg
NEWS

ഊര്‍ജ്ജസ്വലമായ കമ്പനികളുടെ കൂട്ടായ്മയാണ് ടെക്നോപാര്‍ക്കിന്‍റെ വലിയ ശക്തിയെന്ന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍


കഴക്കൂട്ടം; തിരുവനന്തപുരം: ഊര്‍ജ്ജസ്വലമായ കമ്പനികളുടെ കൂട്ടായ്മയാണ് ടെക്നോപാര്‍ക്കിന്‍റെ  വലിയ ശക്തിയെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ജിഎന്‍എക്സിന് ടെക്നോപാര്‍ക്കില്‍ തുടങ്ങിയ പുതിയ ഓഫീസ് ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഓരോ കമ്പനിയും ടെക്നോപാര്‍ക്കിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗം വളരുന്ന ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ജിഎന്‍എക്സിൻ്റെ പുതിയ ഓഫീസ് ടെക്നോപാര്‍ക്കില്‍ ഫേസ് 1-ലെ നിള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക.

ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്കായി ഡിജിറ്റല്‍, ഐടി പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കമ്പനിയാണ് 2020 ല്‍ സ്ഥാപിതമായ ജിഎന്‍എക്സ്. ഡിജിറ്റല്‍ മേഖലയില്‍ നൂതന പരിഹാരങ്ങളും സോഫ്റ്റ് വെയര്‍ സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ ആഗോള തലത്തില്‍ മുന്‍നിര സ്ഥാപനമാകാന്‍ കമ്പനി ലക്ഷ്യമിടുന്നു. 75-ലധികം പ്രൊഫഷണലുകള്‍ ജിഎന്‍എക്സിന്‍റെ ഭാഗമായുണ്ട്.

ഉപഭോക്തൃ കേന്ദ്രീകൃതമായി ഉയര്‍ന്ന നിലവാരമുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുക എന്നതാണ് ജിഎന്‍എക്സിന്‍റെ ദൗത്യമെന്ന് ജിഎന്‍എക്സിന്‍റെ മാനേജിംഗ് ഡയറക്ടര്‍ പ്രിജു സത്യന്‍ പറഞ്ഞു. തുടര്‍ച്ചയായ നവീകരണവും സാങ്കേതിക പുരോഗതിയും സാധ്യമാക്കി അന്താരാഷ്ട്രതലത്തിലേക്ക് കമ്പനി വളരുന്നതിനൊപ്പം സുസ്ഥിര വളര്‍ച്ചയിലും തൊഴിലവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തമുള്ളതായി മാറുന്നു. അടുത്ത വര്‍ഷം കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്) ജോര്‍ജ് ജേക്കബ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി. ജിഎന്‍എക്സ് അഡീഷണല്‍ ഡയറക്ടര്‍ സോണി കുര്യന്‍, ഡയറക്ടര്‍മാരായ ശരത് ശശിധരന്‍, അഞ്ജയ് കൃഷ്ണന്‍, അശ്വിന്‍ എന്നിവരും  പങ്കെടുത്തു.

ഡിജിറ്റല്‍ സേവന ദാതാക്കളായ ജിഎന്‍എക്സ് ടെക്നോപാര്‍ക്കില്‍ തുറന്ന പുതിയ ഓഫീസിൻ്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍

0 Comments

Leave a comment