തിരുവനന്തപുരം: ഏക സിവിൽകോഡ് കേന്ദ്രം പൊടിതട്ടിയെടുത്തപ്പോൾത്തന്നെ കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതം വ്യക്തമായിരുന്നു. മുത്തലാഖ്, പൗരത്വനിയമ കാര്യങ്ങളിലെന്നപോലെത്തന്നെ ഇരുതലമൂർച്ചയുള്ള ആയുധമെന്ന തിരിച്ചറിവിലാണ് യു.ഡി.എഫും എൽ.ഡി.എഫും സിവിൽകോഡിലും കരുക്കൾനീക്കിയത്.
ഏക സിവിൽകോഡിനായി വാദിച്ചിരുന്ന സി.പി.എം. നിലവിൽ നിലപാടുമാറ്റിയെന്ന് കാണാം. ഇപ്പോൾ അത് നടപ്പാക്കാൻ സമയമായില്ലെന്നും വർഗീയ അജൻഡയാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നും പറയുകവഴി ഏക സിവിൽകോഡിനെതിരായ നിലപാട് സി.പി.എം. മുന്നോട്ടുവെക്കുന്നു. അർഥശങ്കയ്ക്കിട നൽകാതെ ദ്രുതഗതിയിൽ നിലപാട് പ്രഖ്യാപിച്ചും മുസ്ലിം ലീഗിനെയടക്കം സെമിനാറിലേക്ക് ക്ഷണിച്ചും സി.പി.എം. ആദ്യം കളത്തിലിറങ്ങി.
കേരളത്തിൽ എടുത്ത നിലപാടിന്റെ തീവ്രത ദേശീയതലത്തിലുള്ള പ്രതികരണങ്ങളിൽ ഉണ്ടായില്ലെന്നതാണ് കോൺഗ്രസിന് മങ്ങലേൽപ്പിച്ചത്. ഇത് മുസ്ലിം ലീഗിലുണ്ടാക്കിയേക്കാവുന്ന ചെറുപ്രകമ്പനം തിരിച്ചറിഞ്ഞായിരുന്നു സി.പി.എമ്മിന്റെ ക്ഷണം. കോൺഗ്രസ് ദേശീയതലത്തിൽ കൂടുതൽ വ്യക്തതയുള്ള നിലപാടെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിലാണ് ലീഗ് മറുമുന്നണിയിൽ നിന്നുള്ള ക്ഷണം നിരസിച്ചത്.
കോൺഗ്രസ്
*ഏക സിവിൽകോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനമല്ലാതെ ഒരു കരടുരേഖപോലും കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പോയന്റിലൂന്നിയായിരുന്നു പ്രതികരണം. ഇതുവഴി കേന്ദ്രം ഇത് നടപ്പാക്കാനല്ല, തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്താനാണ് ശ്രമിക്കുന്നതെന്ന് വാദിച്ചു.
*കോൺഗ്രസിനെ മാറ്റിനിർത്തി ഇടതുപക്ഷം പൊതുവേദിയുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യംചെയ്തു. യു.ഡി.എഫിൽനിന്ന് മുസ്ലിം ലീഗിനെമാത്രം ക്ഷണിക്കുക വഴി സി.പി.എമ്മിന്റെ ലക്ഷ്യം മുസ്ലിം വിഭാഗങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദമുയർത്തി
*ഇ.എം.എസ്., ഇ.കെ. നായനാർ എന്നിവരടക്കം ഏക സിവിൽകോഡിനായി നേരത്തേയെടുത്ത നിലപാട് വീണ്ടും ഓർമിപ്പിച്ചു. ഇതിലൂടെ നയംമാറ്റം വോട്ടിനുവേണ്ടിയാണെന്ന് ആവർത്തിച്ചുറപ്പിച്ചു.
കോട്ടം
*സിവിൽകോഡിന്റെ കരടുപോലും വന്നില്ലെന്നുള്ള വാദം ദേശീയതലത്തിൽ എതിർപ്പിന്റെ സ്വരം ദുർബലമാണെന്ന വ്യാഖ്യാനങ്ങൾക്ക് ഇടനൽകി. ചരിത്രത്തിലൊരിക്കലും സിവിൽകോഡിനെ അനുകൂലിച്ചില്ലെന്നിരിക്കെ ഇക്കാര്യത്തിൽ നേടാവുന്ന മേൽകൈ ആദ്യ ദിവസങ്ങളിൽ നേടാനായില്ല
* ഘടകകക്ഷിയായ മുസ്ലിംലീഗിന് സി.പി.എം. സെമിനാറിൽ പങ്കെടുക്കാൻ ലഭിച്ച ക്ഷണം നിരസിച്ചെങ്കിലും സമസ്ത പങ്കെടുക്കുന്നത് അണികളിൽ തെറ്റിദ്ധാരണയുണ്ടാക്കും.
സി.പി.എം
* ഏക സിവിൽകോഡിനെതിരായ നിലപാട് ഉടനടി വ്യക്തമാക്കുക വഴി ഇക്കാര്യത്തിലുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങളിൽ കോൺഗ്രസിനെക്കാൾ മുൻപന്തിയിൽ ഉണ്ടാകുമെന്ന സന്ദേശം നൽകാനുള്ള ശ്രമം.
* പാർട്ടി മുമ്പ് എടുത്ത നിലപാടിൽ വെള്ളം ചേർത്തതിന്റെ ക്ഷീണമുണ്ടെങ്കിലും വർത്തമാനകാല ഇന്ത്യയിൽ ഇടതുപക്ഷം സ്വീകരിക്കേണ്ട നിലപാട് ഇതാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമം. ഏക സിവിൽകോഡിന് അനുകൂലമായി എടുത്ത നിലപാടായിരുന്നു ഇതുവരെയുള്ള ചരിത്രമെങ്കിൽ, അതിനെ എതിർക്കുന്ന പുതിയ നിലപാട് നാളത്തെ ചരിത്രമായി മാറും
*മുസ്ലിം ലീഗില്ലെങ്കിലും സെമിനാറിൽ സമസ്ത പങ്കെടുക്കുന്നതുവഴി ന്യൂനപക്ഷങ്ങളിലെ ചെറുവിഭാഗത്തിന്റെയെങ്കിലും വിശ്വാസം നേടാനുള്ള ശ്രമം
കോട്ടം
* വോട്ടിനുവേണ്ടി പഴയ നിലപാടിൽ വെള്ളം ചേർക്കുകയാണെന്ന വിമർശനമുയർന്നു
*യു.ഡി.എഫിൽനിന്ന് ലീഗിനെമാത്രം ക്ഷണിച്ചതും അവർ ക്ഷണം നിരസിച്ചതും തിരിച്ചടി
കേരളത്തിൽ എടുത്ത നിലപാടിന്റെ തീവ്രത ദേശീയതലത്തിലുള്ള പ്രതികരണങ്ങളിൽ ഉണ്ടായില്ലെന്നതാണ് കോൺഗ്രസിന് മങ്ങലേൽപ്പിച്ചത്. ഇത് മുസ്ലിം ലീഗിലുണ്ടാക്കിയേക്കാവുന്ന ചെറുപ്രകമ്പനം തിരിച്ചറിഞ്ഞായിരുന്നു സി.പി.എമ്മിന്റെ ക്ഷണം. കോൺഗ്രസ് ദേശീയതലത്തിൽ കൂടുതൽ വ്യക്തതയുള്ള നിലപാടെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിലാണ് ലീഗ് മറുമുന്നണിയിൽ നിന്നുള്ള ക്ഷണം നിരസിച്ചത്.





0 Comments