/uploads/news/1061-IMG-20191011-WA0133.jpg
Obituary

പെരുമാതുറ മുതലപ്പൊഴിയിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹം വർക്കല പാപനാശത്ത് കണ്ടെത്തി


കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളുടെ മൃതദേഹം വർക്കല പാപനാശത്ത് കണ്ടെത്തി. കടയ്ക്കാവൂർ ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ നിലയ്ക്കാമുക്ക് ആലിയിറക്കം വീട്ടിൽ സോമന്റെ മകൻ ഹരിചന്ദ്, വക്കം മണക്കാട്ടു വിളാകം ബിജു കുമാറിന്റെ മകൻ ദേവനാരായണൻ (15) എന്നിവരുടെ മൃതദേഹങ്ങളാണ് നീണ്ട തിരച്ചിലിനൊടുവിൽ വർക്കല പാപനാശം കടൽ തീരത്ത് കണ്ടെത്തിയത്. പാപനാശം കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മൃതദേഹം ആദ്യമായി കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് മുതലപ്പൊഴിയിൽ തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന മറൈൻ എൻഫോഴ്സ്മെൻറും, തീരദേശ പോലീസും കടൽമാർഗം വർക്കലയിലെത്തുകയും മൃതദേഹങ്ങൾ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിൽ മുതലപ്പൊഴിയിൽ കൊണ്ടു വരുകയും ചെയ്തു. മുതലപ്പൊഴി ഹാർബറിലെത്തിച്ച മൃതദേഹങ്ങൾ നിലവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കടയ്ക്കാവൂർ എസ്.എസ്.പി.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാർഥികളായ എട്ടംഗ സംഘം ഇന്നലെ നടന്ന സ്ക്കൂൾ യൂത്ത് ഫെസ്റ്റിവലിനിടെയാണ് എട്ട് കുട്ടികൾ അടങ്ങുന്ന സംഘം മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ച് നാല് സൈക്കിളുകളിലായി മുതലപൊഴിലെത്തിയത്. ഹാർബറിന്റെ വടക്ക് വശത്തെ ബീച്ചിൽ കുളിക്കുന്നതിനിടെയാണ് മരിച്ച ദേവനാരായണനും ഹരിചന്ദും തിരയിൽപ്പെട്ട് കടലിൽ അപ്രത്യക്ഷമായത്. ഇവർക്കൊപ്പം കടലിൽപ്പെട്ടു കാണാതായ വക്കം സ്വദേശി ഗോകുൽ ദാസ്(15)നെ മത്സ്യ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു. കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ വ്യാഴാഴ്ച രാത്രി വരെ തുടർന്നിരുന്നെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്സ്, പരമ്പരാഗത മത്സ്യതൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. മരണമടഞ്ഞ ദേവനാരായണനും ഹരിചന്ദും പരിക്കുകളോടെ രക്ഷപ്പെട്ട ഗോകുൽ ദാസും പുലിമുട്ടിനടുത്ത് നിന്നും കുറച്ച് ദൂരം കടലിലേക്കിറങ്ങുന്നതിനിടെ ഉണ്ടായ തിരയിൽപ്പെട്ടായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടം കണ്ട് കടൽക്കരയിൽ കുളിച്ച് കൊണ്ടിരുന്ന മറ്റു വിദ്യാർഥികളായ ജയസൂര്യ, ഖാലിദ്, ജിജിൻ, സുജിത്ത്, സൂര്യ എന്നിവരുടെ നിലവിളി കേട്ടെത്തിയ മത്സ്യ തൊഴിലാളികൾ ഗോകുലിനെ രക്ഷപ്പെടുത്തിയെങ്കിലും ദേവനാരായണനും, ഹരിചന്ദും കടലിൽ അപ്രത്യക്ഷമാവുകയായിരുന്നു.

പെരുമാതുറ മുതലപ്പൊഴിയിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹം വർക്കല പാപനാശത്ത് കണ്ടെത്തി

0 Comments

Leave a comment