/uploads/news/news_തൃശ്ശൂരില്‍_കെ.മുരളീധരനായി_ചുവരെഴുത്തിനി..._1709878841_9803.jpg
POLITICS

തൃശ്ശൂരില്‍ കെ.മുരളീധരനായി ചുവരെഴുത്തിനിറങ്ങി ടി.എന്‍.പ്രതാപന്‍


തൃശ്ശൂർ: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്ത് വരാനിരിക്കെ തൃശ്ശൂരിൽ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം.പി. ടി.എൻ.പ്രതാപൻ. വടകര എംപിയായിരുന്ന മുരളീധരൻ തൃശ്ശൂരിലേക്ക് മാറുമെന്ന് ഉറപ്പിച്ചതോടെയാണ് പാർട്ടി പ്രഖ്യാപനത്തിന് മുൻപ് തന്നെ പ്രതാപൻ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപൻ വ്യക്തമാക്കുകയും ചെയ്തു.

പത്മജ വേണുഗോപാൽ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കെ. കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകൻ മുരളീധരനെ ഇറക്കാൻ ധാരണയായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് തൃശൂരിൽ മുരളിയുടെ പേര് നിർദേശിച്ചത്. തൃശ്ശൂരിലെ സിറ്റിങ് എംപിയായ പ്രതാപൻ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

പ്രതാപൻ തൃശ്ശൂരിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളിൽ പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ നടത്തുകയും ആയിരക്കണക്കിന് പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നാടകീയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശ്ശൂർ ഡിസിസി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പ്രതാപനെ നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതായാണ് വിവരം. സ്ഥാനാർഥി നിർണയത്തിന് മുൻപായി കോൺഗ്രസ് നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയിരുന്നതായി പ്രതാപൻ പറഞ്ഞു. വടകരയിൽ മുരളീധരന് പകരമായി ഷാഫി പറമ്പിൽ എംഎൽഎ മത്സരിക്കുമെന്നാണ് അറിയുന്നത്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി ഇന്ന് പുറത്തിറക്കും.

പത്മജ വേണുഗോപാൽ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കെ. കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകൻ മുരളീധരനെ ഇറക്കാൻ ധാരണയായത്.

0 Comments

Leave a comment