മൊബൈല്‍ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യവിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആരോപണവിധേയയായ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണം. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപ നൽകാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു.
കോടതി ചെലവടക്കം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് കുട്ടിക്ക് അനുവദിച്ചത്. എട്ടുവയസുകാരിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയിൽ നിന്ന് 1,50,000 രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കും.
2021 ഡിസംറിൽ തന്നെ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പുറമേ പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സർക്കാർ അപ്പീൽ നൽകിയിരുന്നു. എന്നാൽ തുക ഉദ്യോസ്ഥയിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്ന് സർക്കാർ പിന്നീട് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
2021 ഓഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സി.യിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും. ഇവരെയാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി വിചാരണ ചെയ്തത്. തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൊടുത്തെന്ന് ആരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.
ഫോൺ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത പിന്മാറാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
‘സാമ്പത്തിക ബുദ്ധിമുട്ടുണ്ട്’; നഷ്ടപരിഹാരമായി 50,000 രൂപ നൽകാമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ





0 Comments