/uploads/news/news_ആമയിഴഞ്ചാന്‍_തോട്_വൃത്തിയാക്കാന്‍_ജെന്‍_..._1769862573_6588.jpg
NEWS

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ എ.ഐ അധിഷ്ഠിത റോബോട്ട് 'ജി സ്പൈഡര്‍'


തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അപകടരഹിതമാക്കുന്നതിന്‍റെ ഭാഗമായി ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ അത്യാധുനിക എഐ അധിഷ്ഠിത റോബോട്ടായ 'ജി സ്പൈഡര്‍' നഗരസഭ കമ്മീഷന്‍ ചെയ്തു. നഗരസഭയുടെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ വിപ്ലകരമായ മാറ്റത്തിന് ഇത് വഴിതുറക്കും. തിരുവനന്തപുരം കോര്‍പ്പറേഷനും ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സും സംയുക്തമായാണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്.

'ജി സ്പൈഡര്‍' കമ്മീഷന്‍ ചെയ്യുന്നതിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി. വി രാജേഷ് അധ്യക്ഷത വഹിച്ചു. റോബോട്ടിക് സംവിധാനം സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ചെലവും ജെന്‍ റോബോട്ടിക്സാണ് വഹിക്കുക. കോര്‍പ്പറേഷന്‍ അതിന്‍റെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും മേല്‍നോട്ടം വഹിക്കും.

ആശയങ്ങളെ ഫലപ്രദമായ സംരംഭങ്ങളായി മാറ്റുന്നതില്‍ ജെന്‍ റോബോട്ടിക്സ് ഇതിനകം അനുകരണീയ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി എം. ബി രാജേഷ് പറഞ്ഞു. കൊച്ചിയിലെ ബ്രഹ്മപുരത്ത് 100 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റ് (സിബിജി) ഫെബ്രുവരി 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഖരമാലിന്യ നിര്‍മാര്‍ജനം മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ആകെ ഏഴ് സിബിജി പ്ലാന്‍റുകളില്‍ ഒന്ന് തലസ്ഥാനത്തിന് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ 9 ലക്ഷം മെട്രിക് ടണ്‍ മാലിന്യക്കൂമ്പാരത്തിന്‍റെ 90 ശതമാനവും അവിടെ നിന്ന് നീക്കം ചെയ്തതായി മന്ത്രി പറഞ്ഞു.

കൊല്ലത്ത് സിബിജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഫെബ്രുവരി 2 ന് ഒപ്പുവെക്കുമെന്നും കോഴിക്കോട്ട് സിബിജി പ്ലാന്‍റിന്‍റെ നിര്‍മ്മാണം ഫെബ്രുവരി 27 ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്ലാന്‍റിന്‍റെ പണി ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. അതേസമയം തൃശൂരിലെ മറ്റൊരു പ്ലാന്‍റിന്‍റെ പണി പുരോഗമിക്കുന്നു. ചങ്ങനാശ്ശേരിയിലും ഒരു പ്ലാന്‍റ് വിഭാവനം ചെയ്യുന്നുണ്ട്.  നാല് സാനിറ്ററി പ്ലാന്‍റുകളുടെ നിര്‍മ്മാണം അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിന്യ നിര്‍മാര്‍ജനത്തിനായി അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നഗരസഭയുടെ പ്രതിബദ്ധതയെക്കുറിച്ച് മേയര്‍ വി. വി രാജേഷ് തന്‍റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ജെന്‍ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകള്‍ പരിശോധിക്കുമെന്നും പറഞ്ഞു.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആശ നാഥ് ജി എസ്, തിരുവനന്തപുരം ഡിവിഷന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാര്‍, ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം കെ എന്നിവര്‍ പങ്കെടുത്തു.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ആമയിഴഞ്ചാന്‍ കനാലിലെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും അപകടസാധ്യതയേറിയതുമായ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാനാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ശുചീകരണത്തൊഴിലാളികള്‍ക്ക് വലിയ വെല്ലുവിളിയായ റെയില്‍വേ സ്റ്റേഷന്‍ പ്രവേശനകവാടം മുതല്‍ ടണല്‍ വരെയുള്ള ഏകദേശം 15 മീറ്റര്‍ ഭാഗം വൃത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും.

കുറഞ്ഞ ഉയരം, തുടര്‍ച്ചയായ കുത്തൊഴുക്ക്, സുരക്ഷിതമായ പ്രവേശന കവാടങ്ങളുടെ അഭാവം തുടങ്ങിയവ ഇവിടുത്തെ പരമ്പരാഗതരീതിയിലുള്ള ശുചീകരണം അസാധ്യമാക്കുന്നു.

മുന്‍പ് ഇവിടം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ശുചീകരണത്തൊഴിലാളിയായ ജോയിക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ ഭാഗം ശുചീകരിക്കാന്‍ യന്ത്രവല്‍കൃത സംവിധാനം വേണമെന്ന തിരിച്ചറിവിലാണ് നഗരസഭ മാനുവല്‍ സ്കാവഞ്ചിംഗ് നിരോധന നിയമം കര്‍ശനമായി പാലിച്ചുകൊണ്ട് റോബോട്ടിക് സംവിധാനം സജ്ജമാക്കിയത്.

അത്യന്തം അപകടകരമായ ചുറ്റുപാടുകളില്‍ ശുചീകരണത്തിനായി മനുഷ്യര്‍ ഇറങ്ങുന്നത് ഒഴിവാക്കി അവരുടെ ജീവന്‍ സംരക്ഷിക്കാനാണ് ജി-സ്പൈഡറിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെന്‍ റോബോട്ടിക്സ് സിഇഒ വിമല്‍ ഗോവിന്ദ് എം കെ പറഞ്ഞു. നഗരശുചിത്വ പരിപാലനത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമായ ഒരു മാലിന്യനിര്‍മാര്‍ജന സംസ്കാരം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ആദ്യ റോബോട്ടിക് സ്കാവഞ്ചറായ 'ബാന്‍ഡിക്കൂട്ട്' വികസിപ്പിച്ച ജെന്‍ റോബോട്ടിക്സിന് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണിത്.കേബിള്‍ ഡ്രിവണ്‍ പാരലല്‍ റോബോട്ടിക്സ് (സിഡിപിആര്‍) ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ചിരിക്കുന്ന ജി-സ്പൈഡറിന് നിര്‍മ്മിതബുദ്ധി,  സെന്‍സര്‍ ഇന്‍റലിജന്‍സ് എന്നിവയുടെ സഹായത്തോടെ മാലിന്യങ്ങള്‍ കൃത്യമായി കണ്ടെത്താനും നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. തോടിനുള്ളിലെ ഒഴുക്കിനും തടസ്സങ്ങള്‍ക്കുമനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഇതിനു കഴിയും.
 
അഞ്ച് വ്യത്യസ്ത ദിശകളില്‍ ചലിക്കാന്‍ കഴിയുന്ന ഇതിന്‍റെ യന്ത്രക്കൈകള്‍ മാലിന്യങ്ങള്‍ കൃത്യമായി പിടിച്ചെടുക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ നേരിട്ട് കളക്ഷന്‍ വാഹനങ്ങളിലേക്ക് മാറ്റാന്‍ കഴിയുന്നതിലൂടെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ശുചീകരണ പ്രക്രിയ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

കോര്‍പ്പറേഷന്‍ സെക്രട്ടറി കെ യു ബിനി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഗോപന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സത്യവതി വി, ടൗണ്‍ പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍, ഹരികുമാര്‍ എന്നിവരും പങ്കെടുത്തു.

ശുചീകരണപ്രവർത്തനങ്ങൾ‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് മേയര്‍ വി.വി.രാജേഷ്

0 Comments

Leave a comment